എന്നെപ്പോലൊരുവൻ

പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..
കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലിടിച്ചുണ്ടായ
പർവതത്തിൽനിന്നും
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്,
തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ
ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തേക്ക്
അരിമണിതേടി ചോനാനുറുമ്പുകൾ
അച്ചുതണ്ട് തുരക്കുന്നു.

മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ
തുടങ്ങുന്നു എന്നെപ്പോലൊരുവൻ..