സുന്ദരീ നിന്നെ കണ്ടുഞാനിരിക്കുന്നു



നീയിപ്പോള്‍ ഉറങ്ങുകയാവും
ഉറക്കം മുറുക്കിച്ചുവപ്പിച്ച നിന്റെ കണ്‍ പോളകള്‍
സ്വപ്നങ്ങള്‍ക്കുമേല്‍ മേഞ്ഞു നടക്കുന്ന
കൃഷ്ണമണികളില്‍ ഒട്ടിക്കിടക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരിയുടെ നിശാശലഭങ്ങള്‍
ഇരുട്ടിലേക്ക് വെളുത്ത ചിറകുവീശുന്നു
കഴുത്തില്‍ നിന്നുറവകൊള്ളുന്ന നിന്റെ നീലഞരമ്പുകള്‍
നിലാവില്‍ നീലമേഘം പോലെ
നിന്റെ പതുത്ത അടിവയറില്‍ അലിഞ്ഞു ചേരുന്നുണ്ടാകും..
ഇലകള്‍ വകഞ്ഞ് മഞ്ഞുമൂടിയ പ്രഭാതം
ഉറക്കച്ചടവോടെ സൂര്യനെ നോക്കുമ്പോലെ
ഉലഞ്ഞുകിടകുന്ന നിശാവസ്ത്രത്തില്‍ നിന്നും
അലസമായി പുറത്തേക്ക് വഴുതുന്ന നിന്റെ മുലകള്‍ ...
സുന്ദരീ നിന്നെ കണ്ടുകൊണ്ടിരിക്കുകയാണു ഞാനിപ്പോഴും
വാതില്‍പ്പാളിയില്‍പ്പെട്ടു ചതഞ്ഞു മരിച്ച
പല്ലിയെപ്പോലെ....

ദുഃഖത്തെക്കുറിച്ചൊരു പൊങ്ങച്ചം!

ദുഃഖത്തെക്കുറിച്ച് പ്രത്യേകിച്ചെന്തെങ്കിലും പറയേണ്ടതുണ്ടോ?
മരണവീട്ടില്‍ നിങ്ങളൊക്കെ പോയിട്ടുള്ളതല്ലേ
നിലവിളികളുടെ തിക്കിത്തിരക്കില്‍ ചവിട്ടുകൊണ്ടു ചതഞ്ഞ
ഒരു പതിഞ്ഞ തേങ്ങലെങ്കിലും കേട്ടിട്ടുണ്ടാകില്ലേ
പ്രണയപരാജിതരുടെ വിവാഹത്തിനു പങ്കെടുത്തിട്ടുള്ളതല്ലേ
ഫോട്ടോയ്ക്ക് പോസുചെയ്യുന്ന പുഞ്ചിരികള്‍ക്കിടയിലൂടെ
നുഴഞ്ഞിറങ്ങി കുനിഞ്ഞു നടക്കുന്ന
ഒരു നിശബ്ദനോട്ടത്തെയെങ്കിലും കണ്ടിട്ടുണ്ടാകില്ലേ
ദുഃഖത്തെക്കുറിച്ച് ഇനിയുമറിയണമെങ്കില്‍ വരൂ
ഇതാ ഇവിടെ എന്റെ അരികില്‍ വന്നിരിക്കൂ
ഞാന്‍ ഒരു കുഞ്ഞു ദുഃഖത്തെ
എന്റെ നെഞ്ചിന്‍ കൂടില്‍ അടച്ചിട്ടിരിക്കുന്നു
അത് ഇടയ്ക്കിടെ പിടഞ്ഞു കുതറുമ്പോള്‍
എന്നെയൊന്നു തൊടൂ വെറുതേയൊന്നു തൊടൂ
പ്ലീസ്...

സംവാദം


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.
ആള്‍ : ഹെയ്..എന്താദ് ഇത്ര മനോഹരമായ പായസം കഴിച്ചിട്ടും നിനക്ക് വിശേഷിച്ചൊന്നും തോന്നീല്ല!!.അതെന്താ കാര്യം?
നിഴല്‍‍ :എനിക്കൊന്നും തോന്നില്ല..അത്രതന്നെ..ഇയാള്‍ക്കതിത്ര ഇഷ്ടപ്പെടാനെന്താ കാര്യം അതാദ്യം പറ..
ആള്‍ : അത് പാചകം ചെയ്തിരിക്കുന്ന ആ രീതി..അതൊന്നു വേറെയാ.. (അയാള്‍ പാചകരീതി പറയുന്നു)
നിഴല്‍ ഓ! എന്ന മട്ടില്‍ നെറ്റി ചുളിക്കുന്നു
ആള്‍ : എന്താ ഇപ്പോഴും നിനക്ക് പായസം ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ?
നിഴല്‍ : ഇപ്പോ എനിക്ക് പായസം മാത്രമല്ല പാചകോം ഇഷ്ടപ്പെട്ടില്ല.
ആള്‍ : ഹെയ്..താനിതെന്താടോ ഇങ്ങനെ...ആരാ പാചകക്കാരനെന്നറിയാമോ തനിക്ക്..?
നിഴല്‍ : ആരാ?
ആള്‍ :പാചകക്കാരന്റെ പേരു പറയുന്നു)
നിഴല്‍ ഹും! എന്ന മട്ടില്‍ പുരികം വളയ്ക്കുന്നു.
ആള്‍ : എന്താ ഇനീം നെനക്ക് പായസം ഇഷ്ടമായില്ല?
നിഴല്‍ :ഇപ്പോ പായസോം പാചകോം മാത്രമല്ല പാചകക്കാരനേം ഇഷ്ടമായില്ലെനിക്ക്.
ആള്‍ വീണ്ടും വിശദീകരിക്കാന്‍ വായ തുറക്കുന്നു.
അയാളെ തടഞ്ഞു കൊണ്ട് നിഴല്‍ : ഇനിയാ പായസത്തെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാല്‍ പായസത്തേം പാചകത്തേം പാചകക്കാരനേം മാത്രമല്ല തന്നേം എനിക്കിഷ്ടപ്പെടാതെ വരും.
അതും പറഞ്ഞ് നിഴല്‍ നടന്നുപോയി
ആള്‍ അന്തംവിട്ട് നില്പായി

തെളിവുജീവിതം

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്
അവന്റെ ചുണ്ടില്‍ നിന്നുയരുന്ന പുകക്കുഴല്‍കൊണ്ട്
അവന്‍ നിന്നെ ചുംബിക്കുന്നതും
എന്റെകാര്യം വീണ്ടും നീ മറന്നുപോകുന്നതും കാണുന്നു
അവന്റെ പെയിന്റുതൊട്ടിയില്‍ നിന്നും
മരങ്ങളില്‍ , പച്ചയും മഞ്ഞയും ചുവപ്പും പറന്നൊട്ടുന്നു
അവനെന്റെ നിഴലില്‍ ചവുട്ടി ഉള്ളിലേക്ക് നടന്നുമറയുന്നു.
വജ്രം ഖനിക്കുന്നവര്‍ തീര്‍ത്ത തുരംഗങ്ങള്‍ നീ കണ്ടിട്ടുണ്ടോ
മണ്ണിലൊരു വന്‍മരത്തിന്റെ കുഴിശില്പം പോലെയാണത്
അതുപോലൊന്നവന്‍ എന്റെ ഉള്ളില്‍ തുരന്നു തീര്‍ക്കുന്നു
അറവുശാലയുടെ പിന്നാമ്പുറം പോലെ
വര്‍ണാഭമായ ആകാശം നീ കണ്ടിട്ടുണ്ടോ
അവിടെ നിന്നും ബാറ്ററിതീര്‍ന്ന തന്റെ ടോര്‍ച്ചു ലൈറ്റ്
എന്റെ മുഖത്തേക്കടിച്ചൊരുവന്‍ കുടുകുടെ ചിരിക്കുന്നു
മരച്ചില്ലയില്‍ വന്നിരുന്ന് എന്നെനോക്കി
കൊഞ്ഞനം കുത്തുന്ന കാക്കപ്പക്ഷികളെ കണ്ടോ
അവയുടെ ഭാഷയുടെ തോടുപൊട്ടിച്ച്
ബസുകാത്തു നില്‍ക്കുന്നവര്‍ കൊറിക്കുന്നു
തിരതീര്‍ന്നുപോയ ഒരു കടല്‍
കാലും ചിറകുകളും പിഴുതെടുത്ത കൊതുകിനെപ്പോലെ
പിടയ്ക്കാനാവാതെ എന്നെനോക്കി കിടക്കുന്ന കണ്ടോ
എന്റെ മേല്‍ ഒരു കണ്‍പോളപോലെ വന്നടയുന്ന രാത്രിയെക്കണ്ടോ
എല്ലാത്തിനുമിപ്പുറം ഞാനാണ്
ഞാനീയിരുപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി ദൈവമേ
ഇനിയിപ്പോള്‍ ചന്ദ്രന്‍ വരും
അതിന്റെ വെളിച്ചവും എന്റെ മേല്‍ വന്നു വീഴും
ഞാനിനി എന്നെയെങ്ങനെ നിനക്ക് കാണിച്ചുതരണം ലോകമേ
എനിക്ക് വല്ലാത്ത സങ്കടം വരുന്നു,
എന്നെമാത്രം വിട്ടുപോകുന്ന നിന്നെയോര്‍ത്ത്..
അലഞ്ഞു തളര്‍ന്ന് ഉറക്കം തൂങ്ങുന്ന പാവം ലോകമേ
നിന്റെ കണ്ണില്‍ പെട്ടുപോകാതെ ഞാനീ രാത്രിയും കടക്കും..

അവള്‍ക്ക്

എന്റെ മരണത്തിന് ഉത്തരവാദിയായവന്‍
ഇതാ എന്നെന്നെച്ചൂണ്ടി
ഒരുവളിപ്പോഴും ജീവിച്ചിരിക്കുന്നു
അവളുടെ ചൂണ്ടുവിരലിലെ എന്റെ ചുംബനം
കഴുകന്‍ തിന്നുന്നു
ഏതുമരുഭൂമിയെക്കാളും ദാഹമുള്ള
മണല്‍ത്തരിയായി
നിമിഷങ്ങള്‍ എന്റെമേല്‍ വന്നുമൂടുന്നു.
ഞാനോ
ഞാന്‍ ചിലപ്പോള്‍ പാറയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ
ഒരു ജലകണം പോലെ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ശ്വാസം മുട്ടലായി
ഞെരുങ്ങി ഞെരുങ്ങി
അടുത്ത പെണ്ണിനെക്കുറിച്ച്
അവളുടെ വിരലുകളെക്കുറിച്ച്
സ്വപ്നം കാണുന്നു.